Angakkaran Theyyam - അങ്കക്കാരൻ തെയ്യം
തീയ സമുദായക്കാരുടെ ആരാധനാ മൂർത്തികളിൽ ഒന്നാണിത്. മറുതോലയുമായുള്ള പോരാട്ടം ഇതിൻ്റെ ഒരു സവിശേഷതയാണ്. പയ്യൂര്‍ മലകളില്‍ വെച്ച് അങ്കക്കാരന്‍ മറുതോലയായ (ശത്രുവായ) കേളുവിനെ പരാജയപ്പെടുത്തുന്നു. അതിനു ശേഷം കേളു മുന്ന് തവണ ഒളിച്ചിരുന്നപ്പോള്‍ മൂന്നാം വട്ടം കേളുവിനെ കണ്ടെത്തുകയും കൊല്ലുകയും ചെയ്യുന്നു. തെയ്യം കെട്ടുമ്പോള്‍ മറുതോലയായി ചുവന്ന നെറ്റിപ്പട്ടം കെട്ടിയ ഒരാള്‍ വാളുമായി വരും. അവരില്‍ നിന്നും വാള് വാങ്ങി അങ്കക്കാരന്‍ പരാജിതനെ കൊല്ലുന്നതായി കാണിക്കും. അങ്കക്കാരന്‍ എന്ന് പറഞ്ഞാല്‍ തന്നെ യുദ്ധം ചെയ്യുന്നവന്‍ എന്നാണര്ത്ഥം . പാരമ്പര്യരീതിയിലുള്ള പയറ്റില്‍ ഏർപ്പെടുന്നയാൾ എന്നും പറയും. നല്ലൊരു കളരിഅഭ്യാസി കൂടിയായ കോലക്കാരന്‍ കെട്ടിയാലെ ഈ തെയ്യം ശോഭിക്കൂ. ഭക്തര്‍ തങ്ങളുടെ കളവു മുതല്‍ ആഭരണങ്ങള്‍ തുടങ്ങിയവ തിരികെ ലഭിക്കാനും ക്രിമിനല്‍ കേസുകളില്‍ തങ്ങൾക്ക് ജയമുണ്ടാകാനും ഒക്കെ ഈ തെയ്യത്തെ ആരാധിക്കുന്നു. കണ്ണൂർ ചെമ്മിണിയൻ കാവിൽ ഈ തെയ്യം കെട്ടിയാടുന്നുണ്ട്. കൂടാതെ പാലോട്ട് കാവുകളിൽ കൂടെയുള്ളോർ എന്ന സങ്കൽപ്പത്തിൽ അങ്കക്കാരന്‍ തെയ്യം പാലോട്ട് ദൈവത്തിൻ്റെ കൂടെ ഉണ്ടാകാറുണ്ട്. ഈ തെയ്യത്തിൻ്റെ കോലം വ്യത്യസ്തമാണ്. അങ്ക തെയ്യം എന്നും ഈ തെയ്യത്തെ വിളിക്കുന്നു.
ചേരമാന്‍ കെട്ടില്‍ പടനായരുടെ സങ്കല്പ്പാത്തിലുള്ള കരിവഞ്ചാല്‍ ദൈവത്താര്‍ എന്ന തെയ്യത്തെയും അങ്കക്കാരന്‍ എന്ന് പറയാറുണ്ട്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. യുദ്ധ പരാക്രമിയായ ഒരാളുടെ സ്മരണക്ക് വേണ്ടി കെട്ടുന്ന ഒരു തെയ്യമായാണ് ഇതിനെ കണക്കാക്കുന്നത്.
അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും)
അണ്ടലൂര്‍ കാവില്‍ അണ്ടലൂര്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന അങ്കക്കാരന്‍ തെയ്യം ലക്ഷ്മണനാണ്.വെള്ളിയില്‍ തീർത്ത മുടിയാണ് അങ്കക്കാരന്‍ അണിയുന്നത്. രൌദ്ര ഭാവം പ്രകടമാക്കുന്ന കടും കറുപ്പ് നിറത്തിലുള്ള മുഖത്തെഴുത്താണ് ഈ തെയ്യത്തിൻ്റെത്. ഈ തെയ്യത്തിൻ്റെ കൂടെ കെട്ടിയാടിക്കുന്ന ദൈവമാണ് ഹനുമാന്‍ സങ്കല്പ്പുത്തിലുള്ള ബപ്പൂരന്‍ തെയ്യം.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com