SEARCH


Ashtamachal Bhagavathy Theyyam - അഷ്ടമച്ചാൽ ഭഗവതി തെയ്യം

Ashtamachal Bhagavathy Theyyam - അഷ്ടമച്ചാൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ashtamachal Bhagavathy Theyyam - അഷ്ടമച്ചാൽ ഭഗവതി തെയ്യം

പശ്ചിമഘട്ടത്തിലെ വിവിധ വനസ്ഥലികളി ലൂടെ ഒഴുകിവരുന്ന വിവിധ കാട്ടരുവികൾ ഒന്നിച്ചൊന്നായി തന്റെ സഞ്ചാരപഥങ്ങളിലെ സ്ഥലനാമങ്ങൾ സ്വീകരിച്ച്കൊണ്ട് - ഏര്യത്ത് ഏര്യം പുഴ , പാണൻ പാടിയുണർത്തുന്ന നാട്ടിലെത്തിയാൽ പാണപുഴ, വണ്ണാത്തികൾ വിഴുപ്പലക്കുന്ന നാട്ടിലെത്തിയാൽ വണ്ണാത്തി പുഴ, ഉറവവറ്റാത്ത ഉറവങ്കര എത്തിയാൽ ഉറവങ്കര പുഴ - കുഞ്ഞിമംഗലത്തെയും പയ്യന്നൂരിനേയും അതിരിട്ടൊഴുകുമ്പോൾ പെരുമ്പപുഴയായി, ചങ്കൂരിച്ചാലായി , പുതിയ പുഴയായി ഏഴിമലയ്ക്ക് വെള്ളിയരഞ്ഞാണ മിട്ടൊഴുകി അവൾ അറബിക്കടലിൽ ചേരുന്നു. വ്യാപാരത്തിനായി വരുന്ന ചൈനീസ് മരക്കപ്പലായ ചങ്ക് നങ്കൂരമിടുന്ന ഈ പുഴയിലെ എട്ടാമത്തെ ചാലായ - അഷ്ടമ ചാലായ - കുഞ്ഞിമംഗലത്തെ ചങ്കൂരിചാലിന് ഒരു ദേവതയുടെ കഥ പറയാനുണ്ട് - അഷ്ടമച്ചാൽ ഭഗവതിയുടെ. പയ്യന്നൂർ കാരളിമനക്കലെ തമ്പുരാൻ ഒരുനാൾ പരിവാരങ്ങളോടൊപ്പം. ആണ്ട് ഭജനത്തിന്നായി മാടായികാവിൽ പോയി. തന്റെ ദേശത്തിന് സർവൈശ്വര്യം നകണമെന്ന് ഉള്ളിരുകി പ്രാർത്ഥിച്ച് മടങ്ങവേ അദ്ദേഹത്തിന്റെ ആത്മാർത്ഥ ഭക്തിയിൽ സന്തുഷ്ടയായ തിരുവർകാട്ടമ്മ, ഒരുകന്യക കുഞ്ഞിന്റെ രൂപത്തിൽ അവരറിയാതെ അദ്ദേഹത്തിന്റെ സംഘത്തോടൊപ്പം ചേർന്നു. രാജാവും പരിവാരങ്ങളും നടന്ന് ഒരുച്ച നേരത്ത് കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ (അഷ്ടമച്ചാൽ ) കടവിലെത്തി. പുഴക്കടവിൽ കടത്ത്കാരൻ ഇല്ലാതെ വിഷമിച്ചപ്പോൾ കൂട്ടത്തിൽ നിന്നും ഒരശരീരി ശബ്ദം " ശങ്കി ക്കേണ്ട തമ്പുരാനെ ഇറങ്ങിക്കോളൂ" മൊഴി കേട്ട തമ്പുരാൻ ഒന്ന് ശങ്കിച്ചു. അപ്പോഴതാ ഒരു സുന്ദരിയായ പെൺകുട്ടി പിറകിൽ നിന്നും മുന്നിലേക്ക് വന്ന് പുഴയിലേക്ക് ഇറങ്ങുന്നു. കുട്ടിയുടെ പിന്നാലെ തമ്പുരാനും സംഘവും പുഴയിലേക്കിറങ്ങി. ആ സമയം പുഴയിലെ വെള്ളം രണ്ട് വശത്തേക്കും നീങ്ങി അവർക്ക് പുഴ കടക്കാൻ വഴി ഒരുക്കി. മറു കരയെത്തിയ തമ്പുരാനും പരിവാരങ്ങളും കുറെ ദൂരം നടന്നപ്പോൾ കുട്ടിക്ക് വല്ലാത്ത ദാഹം. തമ്പുരാന്റെ നിർദേശപ്രകാരം കാര്യസ്ഥരിൽ ഒരാൾ അടുത്തുള്ള കൂത്തൂർ മണിയാണിയുടെ വീട്ടിൽ കയറി പാൽ ചോദിച്ചു. കറവകഴിഞ്ഞതിനാൽ പാൽ തീർന്ന് പോയല്ലോ തമ്പുരാനേ എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി കന്നിനെ കൂട്ടി കറന്നോളൂ എന്ന് പറഞ്ഞു. തമ്പുരാന് അപ്രി തി തോന്നണ്ട എന്ന് കരുതി മനസ്സില്ലാ മനസ്സോടെ മണിയാണി മുളം കുറ്റിയെടുത്ത് കരയ്ക്കയിൽ കയറി പശുവിനെ കറക്കാൻ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ അപ്പോൾ പശുവിന്റെ അകിടിൽ പാൽ നിറഞ്ഞ് ഒഴുകു കയായിരുന്നു. മുളം കുറ്റി നിറയെ പാൽ കറന്നെടുത്ത് കുട്ടിക്ക് കൊടുത്തു. പാൽ കുടിച്ച് ദാഹം തീർത്ത ആ പെൺകുട്ടി മുളം കുറ്റി പറമ്പിൽ കമിഴ്ത്തി വെച്ച് നടന്നു. ആ മുളംകുറ്റി വളർന്ന് പിൽക്കാലത്ത് വലിയ മുളം കാടായെന്നും ആ സ്ഥലമാണ് പിൽക്കാലത്ത് കാരക്കാവ് എന്ന് അറിയപ്പെട്ടത് എന്ന് പറയപ്പെടുന്നു. വടക്കോട്ട് യാത്ര തുടർന്ന സംഘം പയ്യന്നൂർ തെരുവിലെത്തി.. തങ്ങളുടെ കൂടെ വന്ന പെൺകുട്ടിയെ എവിടെ താമസിപ്പിക്കും, തമ്പുരാൻ ചിന്തയിലാണ്ടു. ഒടുവിൽ തമ്പുരാൻ താൻ കുടിയിരുത്തിയ ഒരു നെയ്ത്ത് കുടുംബത്തി ൽ - മുരണ്ടേൻ തറവാട്ടിൽ - പെൺകുട്ടിയെ താമസിപ്പിക്കാൻ തീരുമാനിച്ചു. അതനു സരിച്ച് കുട്ടിയെ ആ ശാലിയ കുടിലിൽ ഏല്പിച്ചു. വളരെ സന്തോഷത്തോടെ കുടുംബത്തിലെ കാരണവർ ആ കുട്ടിയെ സ്വീകരിച്ചു. വീട്ടുകാർ കുട്ടിയെ നന്നായി പരിചരിച്ചു. പയ്യന്നൂർ പെരുമാളുടെ നിത്യ വസ്ത്രം നെയ്ത് കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ കുട്ടിയുടെ ആഗമനതോടെ സന്തോഷവും ഐശ്വര്യവും കളിയാടി. പെൺ കുട്ടി അവരുടെ കുല തൊഴിലായ നെയ്ത്തിൽ അതിവേഗം പ്രവിണ്യം നേടി. അവിടെ നെയ്ത്ത്ജോലി ചെയ്ത് കഴിയവെ പെൺകുട്ടി ഒരു ദിവസം ഒരു പിടി നൂലുമായി അയൽപക്കത്തെ എടച്ചേരി പൊതുവാൾ വീട്ടിൽ കയറി. ആ സമയത്ത് അവിടെ ഒരമ്മയും കുഞ്ഞും മാത്രമേ ഉണ്ടായിരുന്നു ള്ളു. അയിത്ത ജാതിയിൽ പെട്ട പെൺകുട്ടി വീട്ടിൽ കയറി വീട് തീണ്ടി അശുദ്ധമാക്കിയെ ന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് തൊട്ടിലിൽ കിട ക്കുന്ന കുട്ടിയേയും എടുത്ത് വടക്ക് ഭാഗത്തെ വാതിൽ തുറന്ന് അത് വഴി അവരുടെ സ്വന്തം തറവാടായ കലിയന്തിലേക്ക് പോയി. വിവരമറിഞ്ഞ ഗ്രാമവാസികൾ ഓടിക്കൂടി. എന്നാൽ അകത്ത് കയറിയ പെൺകുട്ടിയെ പിന്നീടാരും കണ്ടില്ല. തമ്പുരാന് പിറ്റേന്ന് രാത്രി സ്വപ്നത്തിൽ പല ദിവ്യ ദർശനങ്ങളും അരുളപ്പാടും ഉണ്ടായി. പ്രശ്നചിന്തയിൽ കോലസ്വരൂപത്തിൽ തായിയായ സാക്ഷാൽ മാടായികാവിലമ്മയാണ് ആ പെൺകുട്ടി എന്ന് തെളിഞ്ഞു. കാരളി മനയിലെ തമ്പുരാന്റെ ആത്മാർത്ഥ ഭക്തിയിൽ ആകൃഷ്ട്ടയായ തിരുവർകാട്ടമ്മ തമ്പുരാന്റെ തട്ടകത്തിൽ വാസിക്കാനാഗ്രഹിക്കുന്നു. തന്നെ കുടുംബാംഗമാക്കിയ ശാലിയ തറവാട്ടിന് തന്റെ പരിചരണ സ്ഥാനം നൽകണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. പയ്യന്നൂർ പെരുമാളുടെ സമ്മതത്തോടെ പെരുമാളമ്പലത്തിന്റെ വലത് ഭാഗത്ത് ഇ ടച്ചേരി പൊതുവാളുടെ ഭവനം നിന്ന സ്ഥലത്ത് തമ്പുരാനും പത്ത് വീട്ട്കാരും 10 മനക്കാരും ചേർന്ന് ക്ഷേത്രം പണിത് കളാകാട്ട് തന്ത്രിയെ കൊണ്ട് മാടായിക്കാവിലമ്മയെ പ്രതിഷ്ഠിച്ച് അഷ്ടമച്ചാലിൽ ( കുഞ്ഞിമംഗലം , ചങ്കൂരിച്ചാൽ ) ദർശനമേകിയ ദേവി അഷ്ടമ ച്ചാൽ ഭഗവതിയായി. നിത്യനിദാന കർമ്മങ്ങൾക്ക് മുരണ്ടേൻ തറവാട്ടിലെ ശാല്യ കാരണവരെ ചുമതലപ്പെടുത്തി. ഏഴിമല ആസ്ഥാനമായി നാട് വാണിരുന്ന മൂഷികവംശ രാജാക്കന്മാർ അവരുടെ വസ്ത്രാവശ്യങ്ങൾ നിറവേറ്റാൻ പരദേശത്ത് നിന്നും കൊണ്ട് വന്ന് ഏഴിമലയുടെ വടക്കേ ചെരുവിൽ കുന്നത്തെരുവിൽ (കുന്നരു) പാർപ്പിച്ചവരാണ് ഇവരുടെ പൂർവീകർ. ചാത്തങ്ങാട്ടില്ലകാരായ തറവാട്ട്കാരാണ് ഇവരുടെ ആദി കുടുംബം. രാജകുടുംബാംഗ ങ്ങൾക്ക് വേണ്ടി വസ്ത്രോൽപ്പാദനവും , വിപണനവും നടത്തി വന്നു അവർ. രാജാവിന്റെ പ്രത്യേക പരിഗണന ലഭിച്ചിരുന്ന ഈ കുടുംബം കുന്നരുവിൽ ഒരു ക്ഷേത്രം പണിത് ആരാധിക്കാൻ തുടങ്ങി. ക്ഷേത്രത്തിന് വേണ്ടി ധാരാളം ഭൂമിയും രാജാവ് പതിച്ച് നൽകി. പാറയുടെ മേൽ സ്ഥിതിചെയ്യുന്ന ഈ കാവ് പിൽക്കാലത്ത് പാറോക്കാവ് എന്നറിയപ്പെട്ടു. കൂടുതൽ കുടുംബക്കാരെത്തി കുന്നത്തെരു വികസിച്ചു. പയ്യന്നൂരും തളിപ്പറമ്പു മായി അവർ കച്ചവടബന്ധം വളർത്തികൊണ്ട് വന്നു. ഈ കുന്നതെരുവിൽ നിന്നാണ് പയ്യന്നൂർ പെരുമാൾക്ക് നിത്യകോടി നെയ്യുന്നതിന് വേണ്ടി ശാലിയ കുടുംബാം ഗങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്ന് പയ്യന്നൂർ തെരുവിൽ പയ്യന്നൂരധീശന്മാർ താമസിപ്പിച്ചത്. ഏഴിമല രാജവംശത്തിന്റെ തകർച്ചയ്ക്ക് ശേഷം പിൽക്കാലത്ത് കുന്നത്തെരുവിലെ ശാലിയ കുടുംബാംഗങ്ങ ൾ അവരുടെ പാറോക്കാവ് യാദവ സമുദായ ക്കാരെ ഏൽപ്പിച്ച് പലസ്ഥലത്തേക്കായി താമസം മാറി. ആ പഴയ കാലത്തിന്റെ അടയാളമായി ഇന്നും കുന്നരു പാറോക്കാവിന്റെ തിരുമുറ്റത്ത് ഒരുനെന്മേനി വാകമരം (മൂഷിക വൃക്ഷം) തലയുയർത്തി നിൽക്കുന്നത് കാണാം. ഇതിന്റെ പൂക്കുലയാ ണ് മൂഷിക വംശത്തിന്റെ കൊടിയടയാളം. പാറോക്കാവിലെ ഈ വാകമരതറയ്ക്കാണ് പാറോക്കാവിലെ കളിയാട്ടത്തിന് പറോൽ ഭഗവതി കലശസമേതം പ്രദക്ഷിണം വെക്കു ന്നത്. ശാലിയ സമുദായക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ വൈശേഷീകമായ ഒത്തിരി ചടങ്ങുകൾ നടക്കുന്നു. പയ്യന്നൂർ പെരുമാളമ്പലത്തിൽ ഒരുവർഷം ഉപയോഗിക്കേണ്ട നിത്യ കോടിയും വിളക്ക്തിരിയും തിരുവോണ നാളിൽ മൂത്ത ചെട്ടിയാരുടെ നേതൃത്ത്വത്തിൽ എഴുന്നെള്ളിച്ച് കൊണ്ടുവ രുന്ന ചടങ്ങുണ്ട്. പയ്യന്നൂരെക്കുള്ള യാത്രാമദ്ധ്യേ ദേവിക്ക് ദാഹം തീർക്കാൻ പാൽ നൽകിയ കൂത്തൂർ മണിയാണിയുടെ വീട്ട്കാർക്ക് ഇന്നും കാലശോത്സവത്തിന് ഒരുകുറ്റി പാൽ പള്ളിയറയിൽ കയറി ദേവിക്ക് നേരിട്ട് സമർപ്പിക്കാൻ അവകാശമുണ്ട്. മേടമാസം ഗണികൻ പ്രത്യേകം മുഹൃത്തം കണ്ട് നിശ്ചയിക്കുന്ന കാലശോത്സവത്തിന്റെ (പെരുങ്കളിയാട്ടം) അഞ്ചാം ദിവസം വ്രതം നോറ്റ് തോർത്തുമുണ്ടുടുത്ത് നീളൻ വടിയുമായി ക്ഷേത്രനടയിൽ കൂട്ടമായി വന്ന് തൊഴുത് പോയി കവ്വായി പുഴയിൽ നിന്നും പിടിച്ച് കൊണ്ട് വരുന്ന മീനമൃതും പയ്യന്നൂർ നാലാപ്പാടിയുടെ അരൂഢത്തിൽ നിന്നും ആരവത്തോടെ എഴുന്നെള്ളിച്ച് കൊണ്ട് വരുന്ന തട്ടും കലശവും ഒന്നിച്ച് കണ്ട് സ്വീകരിച്ച് ആനന്ദ നടനമാടുന്ന തെയ്യങ്ങളുടെ കലാശം ഒരപൂർവ്വ ദൃശ്യാനുഭവവും ഭക്തി സന്ദ്രവുമാണ്. കലശത്തിന്റെ ആറാം നാൾ നടക്കുന്ന വടക്കേം ഭാഗ ദർശനം സവിശേഷമായ ഒരുചടങ്ങാണ്. വർഷത്തിൽ ഈ ഒരു ദിവസം ദേവിയെ വടക്കേ നടയിലൂടെ ദർശിക്കാം. തുടർന്ന് ഏഴാം ദിവസം നടക്കുന്ന ഊർബലി യോട് കൂടി കാലശോത്സവം സമാപിക്കുന്നു. കാലശോത്സവത്തിന് കൊലസ്വരൂപ ത്തിൽ തായി (തായി പരദേവത) , ക്ഷേത്രപാലകൻ, വേട്ടയ്ക്കൊരു മകൻ , വീര ഭദ്രൻ എന്നീ തെയ്യക്കോലങ്ങളാണ് കെട്ടിയാടുന്നത്. ക്ഷേത്രത്തിൽ കൂറുമ്പയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെങ്കിലും കെട്ടിക്കോല മില്ല. കലശമഹോത്സവത്തിന് മുമ്പായി മാടായി ക്കാവിൽ നിന്നും മൂത്ത ചെട്ടിയാരും ആചാരക്കാരും വാല്യക്കാരും ചേർന്ന് കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ വഴി (അഷ്ടമച്ചാൽ) - ദേവിയുടെ പുരാവൃത്തം അനുസ്മരിക്കുമാറ് - ദീപവും തിരിയും കൊണ്ട് വരുന്ന ചടങ്ങ് ഭക്തി നിർഭരമാണ്. ടി.ടി.ലക്ഷ്മണൻ കുഞ്ഞിമംഗലം





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848