ദുഖങ്ങളും ദുരിതങ്ങളും വാരിവിതരുകയുകയാണ് കര്‍ക്കിടകമാസം. തോരാത്ത മഴയും കാറ്റും കോളും, ഇടിയും മിന്നലും ഉരുള്‍പൊട്ടലും പ്രളയവുമെല്ലാം നാടിനും നാട്ടാര്‍ക്കുമ്മേല്‍ അശാന്തിയുടെ വിത്തുകള്‍ വാരിവിതരുകയാണ്. അതിലുപരി വിട്ടുമാറാത്ത പനിയും മറ്റുമാറാരോഗങ്ങളും തൊഴിലില്ലായ്മയും ദാരിദ്രവും പട്ടിണിയും മാലോകരുടെ ജീവിതചര്യകളുടെ താളംതെറ്റിക്കുമ്പോള്‍ ആധിയും വ്യാധിയുമകറ്റി ആനന്ദം വിതറാന്‍ മലനാട്ടില്‍ മഴദൈവങ്ങളിറങ്ങുന്നു. കര്ക്കിടകവറുതികള് മാറ്റി, മാരിത്തെയ്യങ്ങള്‍ നാട്ടിലും വീട്ടിലും ഐശ്വര്യവും അഭിവൃദ്ധിയും ചൊരിയുന്നു.
പുലയസമുദായക്കാരാണ് മാരിത്തെയ്യം കെട്ടിയാടുന്നത്. മാരികലിയന്‍,മാമാലകലിയന്‍,മാരികലച്ചി,മാമലകലച്ചി,മാരികുളിയന്‍,മമാലകുളിയന്‍ എന്നിങ്ങനെ ആറ് മാരിത്തെയ്യങ്ങളാണുള്ളത്. തിരുമെയ്യില്‍ കുരുത്തോലപ്പട്ടുടുത്ത് തൃക്കയ്യില്‍ തിരുവായുധമാം മാടിക്കോലുമേന്തി കര്‍ക്കിടകം പതിനാറാം നാള് മാടായിക്കാവിന്റെ കരവലയങ്ങളില്‍ മാരിത്തെയ്യങ്ങളാടുന്നു. മാരികലിയനും മാരികലച്ചിയും മാരികുളിയനും തിരുവദനത്തിങ്കല് മുഖപ്പാളയണിയുന്നു, എന്നാല്‍ മഞ്ഞളും മനയോലയും മണിഞ്ഞ് മഞ്ജുളമാക്കിയ മുഖമാണ് മാമലകലിയനും,മാമലകലച്ചിക്കും ,മാമലകുളിയനും. ചേങ്ങില-തുടി താളത്തിലുയരുന്ന മാരിപ്പാട്ട്, മാരിത്തെയ്യങ്ങളുടെ ചുവടുകള്‍ക്ക് അരങ്ങും ആരവും ആവേശവുമാകുന്നു. മാടായിക്കാവിന്റെ പരിസരങ്ങളിലെ വീടുകളിലെഴുന്നള്ളുന്ന മാരിത്തെയ്യങ്ങള്‍ ഗൃഹാങ്കണങ്ങളില്‍ മാരിയാട്ടമാടി നാട്ടിലും വീട്ടിലും കാലടോഷങ്ങള്‍ വിതറുന്ന കലിയെ ആവാഹിച്ചെടുത്ത് അറബിക്കടലിലൊഴുക്കുന്നു. അപ്പോള്‍ കാറ്റും കോളുമടങ്ങി, മാരിയും മഹാമാരിയുമടങ്ങി മലനാട്ടിലെങ്ങും മംഗളം നിറയുമെന്നാണ് പൊതുവിശ്വാസം.
Courtesy : ഷിജിത്ത് കൊയക്കീല്‍
shijiezhimala@gmail.com
9526805283 / 9495074848